പത്തനംതിട്ട : ജീവനക്കാരെയും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയും ചൂഷണം ചെയ്യുന്ന നടപടി മാധ്യമ സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് പ്രകാശ് ഇഞ്ചത്താനം ആവശ്യപ്പെട്ടു. മാസങ്ങളായി ശമ്പളം ലഭിക്കാത്തവരാണ് ഏറെയും. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചവരില്‍ ഒരു വിഭാഗമാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നു മാത്രമല്ല ഇവരെ കൂടുതല്‍ ചൂഷണം ചെയ്യുകയുമാണ്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും പ്രകാശ് ഇഞ്ചത്താനം ആവശ്യപ്പെട്ടു.
രാത്രിയെന്നോ പകലെന്നോ നോക്കാതെ മഴയത്തും വെയിലത്തും ജീവന്‍ പണയംവെച്ചാണ് ഇവര്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നത്. എല്ലുമുറിയെ പണിയെടുത്തിട്ടും ശമ്പളം നല്‍കുവാന്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല. ഇവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തേണ്ട ചില സംഘടനകള്‍ മനപൂര്‍വ്വം മൌനം പാലിക്കുകയാണ്. മിക്ക പ്രസ്സ് ക്ലബ്ബുകളുടെയും തലപ്പത്ത് ഇരിക്കുന്നവര്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഇവര്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിക്കാറില്ല. അതുകൊണ്ടുതന്നെ ഈ ചൂഷണവും അവഗണനയും പുറത്തറിയുന്നില്ല.
മാസങ്ങളോളം ശമ്പളം ലഭിക്കാതിരുന്നിട്ടും ആരും ജോലി ഉപേക്ഷിക്കുന്നില്ല, കാരണം മറ്റൊരു ജോലിക്കും പോകാന്‍ കഴിയില്ല എന്നതുതന്നെ. എന്നാല്‍ ഈ അവസരം പത്ര -ദൃശ്യ മാധ്യമ മാനേജ്മെന്റുകള്‍ മുതലാക്കുകയാണ്. മിക്കവരും വന്‍ കടക്കെണിയിലാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി ശേഖരിക്കുന്ന വാര്‍ത്തകളാണ് മിക്ക പത്ര -ദൃശ്യ മാധ്യമങ്ങളെയും നിലനിര്‍ത്തുന്നത്. കുറഞ്ഞ വേതനം ആയിട്ടുപോലും അത് കൃത്യമായി നല്‍കാതെ പരമാവധി ചൂഷണം ചെയ്യുകയാണ് മാധ്യമ മാനേജ്മെന്റുകള്‍.
പ്രാദേശിക പത്രപ്രവര്‍ത്തകരെ അംഗീകരിച്ചുകൊണ്ട് അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും നല്‍കണമെന്നത് കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍പേര്‍ക്കും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും വേണം. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.