തിരുവല്ല : ശ്രീവല്ലഭ സ്വാമിയുടെ പ്രസിദ്ധമായ പന്തീരായിരം വഴിപാടിനായി പടറ്റിക്കുലകള്‍ തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ എത്തിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിന്നും ഉപദേശക സമിതിയുടെയും തിരുവുത്സവക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങള്‍ ആചാരപരമായി കുലകള്‍ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചത്. കൊടിയേറ്റു ദിവസമായ ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. ചൊവ്വാഴ്ച വെളുപ്പിനെ 5.15-ന് തുകലശ്ശേരി മഹാദേവനുള്ള നിത്യനിദാന വിഭവങ്ങള്‍ മഹാദേവക്ഷേത്രത്തില്‍ എത്തിക്കും. ആറിന് ചരിത്രപ്രസിദ്ധമായ പന്തീരായിരം ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.
ആദ്യത്തെ കുല തുകലശ്ശേരി മഹാദേവന് സമര്‍പ്പിക്കും. തുടര്‍ന്ന് കുട്ടകളിലും തളികകളിലും കുലകള്‍ നിറച്ച് നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങള്‍ ഘോഷയാത്രയില്‍ പങ്കുചേരും. പള്ളിവേട്ടയാല്‍ക്കവലയിലെത്തി ഗോവിന്ദന്‍കുളങ്ങര ദേവിക്കും പഴക്കുല സമര്‍പ്പിച്ച ശേഷം ശ്രീവല്ലഭക്ഷേത്രത്തില്‍ എത്തി നമസ്‌കാര മണ്ഡപത്തില്‍ സമര്‍പ്പണം നടത്തും. തുടര്‍ന്ന് ഭഗവാന്‍ ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. മഹാദേവക്ഷേത്രത്തില്‍ കുലകള്‍ എത്തിക്കാന്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷാബു ആശാരുപറമ്പില്‍, എം.എന്‍. രാജശേഖരന്‍, എം. വിഷ്ണു, ലാല്‍പ്രകാശ് മാലിയില്‍, നരേന്ദ്രന്‍ ചെമ്പകവേലില്‍, രാജീവ് തിരുവോണം, ശ്യാമള വാരിജാക്ഷന്‍, ഉഷനായര്‍, പത്മിനിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.