പന്തളം : ചന്തയ്ക്കും കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റേഷനും ഇടയിലുള്ള ഭൂമിയിൽ നഗരസഭാ ബസ്‌സ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി. ഏപ്രിൽ ഒന്നിന് പുതിയ സ്ഥലത്തേക്ക് സ്റ്റാൻഡ് മാറ്റി പ്രവർത്തനമാരംഭിക്കാനാണ് തീരുമാനമെന്ന് ചെയർപേഴ്‌സൺ സുശീലാ സന്തോഷും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവും വ്യക്തമാക്കി. ഇപ്പോൾ ബസ്‌സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തിനോടുചേർന്ന് നഗരസഭാ ഓഫീസ് കോംപ്ലക്സും ഷോപ്പിങ് കോംപ്ലക്സും പണിയുന്നതിന് മുന്നോടിയായാണിത്. നഗരസഭാ ഓഫീസ് കോംപ്ലക്സിന്റെ പണിക്ക് മുന്നോടിയായുള്ള മണ്ണ് പരിശോധന നടക്കുകയാണ്.
സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ചന്തയിലെ പഴയ കടകൾ നേരത്തേ പൊളിച്ചുനീക്കിയിരുന്നു. പന്തളം ചന്തയുടെ പടിഞ്ഞാറുഭാഗത്ത് മത്സ്യസ്റ്റാളുകൾ പ്രവർത്തിച്ചിരുന്ന ഭാഗമാണ് സ്റ്റാൻഡിനായി തീരുമാനിച്ചിട്ടുള്ളത്. ഇതിലെ മത്സ്യ സ്റ്റാളുകൾ ബസിന്റെ ഓപ്പറേറ്റിങ് സെന്ററാക്കും. ചന്തയിലെ ശൗചാലയത്തോടുചേർന്ന് കടമുറികൾ പണിയാനായി 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട് ബസുകൾ കയറിയിറങ്ങിപ്പോകാനുള്ള കവാടം ഉൾപ്പെടെ പണിയണം. നഗരസഭ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതോടെ സ്റ്റാൻഡിലുള്ള ശൗചാലയത്തിന്റെ സ്ഥാനം നഗരസഭയുടെ സ്ഥലത്തായി. ഇത് പുനരുദ്ധാരണം നടത്തി തുറന്നുകൊടുക്കാനുള്ള പണിയും ഇപ്പോൾ നടന്നുവരുകയാണ്.