വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. ചന്ദ്രബാബു നായിഡു 371 കോടി രൂപയുടെ അഴിമതിക്കേസില്‍ ജയിലായതിനു പിന്നാലെയാണ് പ്രഖ്യാപനം. നായിഡുവിന്റെ മകന്‍ നാരാ ലോകേഷ്, ഭാര്യാസഹോദരനും ഹിന്ദുപൂര്‍ എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പവന്‍ കല്യാണ്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്.
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജന സേനയും തെലുങ്ക് ദേശം പാര്‍ട്ടിയും ഒന്നിച്ചു നില്‍ക്കുമെന്ന് ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് നമ്മുടെ (പാര്‍ട്ടിയുടെ) രാഷ്ട്രീയ ഭാവിക്കു വേണ്ടിയല്ല. ആന്ധ്രാപ്രദേശിന്റെ ഭാവിക്കു വേണ്ടിയാണ്’- പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനിയും സഹിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.