കൊച്ചി: ട്രാന്‍സ് പുരുഷനെ സ്ത്രീയായി ജീവിക്കാന്‍ നിര്‍ബന്ധിച്ച വിഷയത്തില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നതിനായാണ് നടപടി. ആരായിരിക്കണം കൗണ്‍സിലര്‍ എന്നത് ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തീരുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ലിംഗസ്വത്വ ബോധവത്കരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടന തടവിലാക്കിയെന്നാരോപിക്കപ്പെട്ട വ്യക്തിയോടും മാതാപിതാക്കളോടും കോടതി സംസാരിച്ചു. തന്നെ ആരും തടവിലാക്കിയിട്ടില്ലെന്ന് ട്രാന്‍സ് പുരുഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളോട് വീണ്ടും സംസാരിച്ച കോടതിക്ക് ഇവര്‍ക്ക് കൗണ്‍സലിങ് ആവശ്യമാണെന്ന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നിര്‍ദേശം.