ദില്ലി: പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷസഖ്യത്തിലെ പങ്കാളിയായ, ഡിഎംകെയുടെ നേതാവും എംപിയുമായ എ രാജ സനാതന ധര്‍മ്മത്തെ എച്ച്ഐവിയോടും കുഷ്ഠരോഗത്തോടും ഉപമിച്ച് പുതിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. ‘എല്ലാ മതത്തിനും എല്ലാ വിശ്വാസത്തിനും അതിന്റേതായ സ്ഥാനമുളള ‘സര്‍വധര്‍മ്മ സംഭവ’ത്തിലാണ് കോണ്‍ഗ്രസ് എപ്പോഴും വിശ്വസിക്കുന്നത്. ആര്‍ക്കും ഒരു വിശ്വാസത്തെ മറ്റൊന്നിനേക്കാള്‍ ചെറുതാക്കി കാണിക്കാനാകില്ല. ഭരണഘടന ഇത് അനുവദിക്കുകയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ അഭിപ്രായങ്ങളിലൊന്നും വിശ്വസിക്കുന്നതോ ഇല്ല’ – കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
സഖ്യകക്ഷിയായ ഡിഎംകെയുമായി ഈ വിഷയം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഞങ്ങളുടെ ഓരോ ഘടകകക്ഷികളും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് ആരുടെയെങ്കിലും പരാമര്‍ശങ്ങള്‍ വളച്ചൊടിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ അദ്ദേഹം പരാമര്‍ശങ്ങള്‍ വളച്ചൊടിക്കട്ടെ, എന്നാല്‍ ഇന്ത്യ സഖ്യത്തിലെ ഓരോ അംഗത്തിനും എല്ലാ വിശ്വാസങ്ങളോടും സമുദായങ്ങളോടും വിശ്വാസങ്ങളോടും മതങ്ങളോടും ഏറ്റവും ബഹുമാനമുണ്ട്’ അദ്ദേഹം പറഞ്ഞു.