വാഹനങ്ങളിൽ നിറയ്ക്കുന്ന ഇന്ധനങ്ങൾക്ക് പണമടയ്ക്കാനായി പുതിയ സൗകര്യം വരുന്നു. കറൻസിയുടെയോ യുപിഐ ആപ്പുകളുടേയോ സഹായമില്ലാതെ പണം അടയ്ക്കാൻ പുതിയ സൗകര്യം ഉപഭോക്താക്കളെ പ്രാപ്തരാക്കും. ആമസോണും മാസ്റ്റർ കാർഡ് പിന്തുണയുള്ള ടോൺടാഗും സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ തന്നെ പുതിയ സൗകര്യം എല്ലായിടത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ യുപിഐ സംവിധാനത്തിനെ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചായിരിക്കും പുതിയ ഫീച്ചറിൽ പ്രവർത്തിക്കുക. പേ ബൈ കാർ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. സ്‌മാർട്ട്‌ഫോൺ രഹിത ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യയിലൂടെ എങ്ങനെയാണ് പണമിടപാട് നടക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ വാഹനത്തിന് ഇന്ധനം ആവശ്യമായി വരുന്ന സമയത്ത് പമ്പുകളിൽ കയറ്റി ഇന്ധനം നിറയ്ക്കുമ്പോൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തനക്ഷമം ആക്കേണ്ടതാണ്. ഇതിലൂടെ ഇത്ര ഇന്ധനം ടാങ്കിൽ എത്തുന്നുണ്ടെന്ന് ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഇതിനൊപ്പം തന്നെ കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സൗണ്ട്ബോക്സും നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അറിയിക്കുന്നതാണ്. ഇന്ധന സ്റ്റേഷനിലെ ജീവനക്കാരെ ഇക്കാര്യം അറിയിക്കാനും പ്രത്യേകം സിസ്റ്റം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ യുപിഐ സേവനങ്ങൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നതിനാൽ ഇന്ധനത്തിന് ആവിശ്യമായ തുക ഓട്ടോമാറ്റിക്ക് ആയി തന്നെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കും. ഇക്കാര്യം സൗണ്ട്ബോക്സ് നിങ്ങളെ അറിയ്ക്കുന്നതാണ്.