ന്യൂഡല്‍ഹി: മണിക്കൂറുകളുടെ അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേ ടി എം തിരിച്ചെത്തി. ഗൂഗിളിന്‍റെ നയം ലംഘിച്ചതോടെയാണ് പേടിഎമ്മിനെ പ്ലേസ്റ്റോറില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ തങ്ങള്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്തിയതായി പേടിഎം തന്നെ അറിയിച്ചു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി പേടിഎം രംഗത്തെത്തിയിരുന്നു. ‘പുതിയ ചില അപ്ഡേറ്റുകള്‍ക്കായി താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ പ്ലേ സ്റ്റോറിലേക്ക് മടങ്ങിയെത്തുമെന്ന് ട്വിറ്ററിലൂടെ പേടിഎം അറിയിച്ചു. “നിങ്ങളുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്, മാത്രമല്ല നിങ്ങളുടെ പേടിഎം ആപ്പ് സാധാരണപോലെ തുടര്‍ന്നും ആസ്വദിക്കാം’- അവര്‍ വ്യക്തമാക്കിയിരുന്നു. വാതുവെപ്പ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ഇത് നയപരമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറില്‍നിന്ന്‌ആപ്പ് നീക്കിയത്. ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രസ്‌താവന പുറത്തുവന്നിട്ടില്ല. ചൂതാട്ടത്തിനെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗൂഗിള്‍ ഇന്ന് പുറത്തിറക്കിയിരുന്നു.
വാതുവെപ്പിന് കളമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചതാണ് അവരെ പ്ലേസ്റ്റോറില്‍നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി തുടങ്ങിയ ആപ്പുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇതാദ്യമായാണ് പേടിഎം പ്രധാന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.
ഓണ്‍ലൈനായുള്ള ചൂതാട്ട ഗെയിമുകളും കായികമത്സരങ്ങള്‍ക്കുള്ള വാതുവെപ്പുകളും അനുവദിക്കുന്ന ആപ്പുകളെ പേടിഎം പിന്തുണച്ചത് പ്ലേസ്റ്റോര്‍ നയത്തിന് എതിരാണെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ പണമോ മറ്റു സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാന്‍ സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നത് കരാര്‍ ലംഘനമാണ്. അപ്ലിക്കേഷന്‍ പോളിസി നയം ആവര്‍ത്തിച്ചു ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.