പയ്യനല്ലൂർ : പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതിയിൽ പണി നടത്തിവരുന്ന പയ്യനല്ലൂർ-മാവിളപ്പടി റോഡിൽ കൂടിയുള്ള യാത്ര ദുരിതപൂർണമായി. 10 മാസം മുമ്പാണ് റോഡുപണി തുടങ്ങിയത്. മഴ തുടങ്ങിയതോടെ താറുമാറായ റോഡിൽ കാൽനടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. റോഡുപണിക്കായി വിരിച്ച മെറ്റലുകൾ ഇളകി റോഡിൽ നിരന്നുകിടക്കുന്നു. ഇരുചക്രവാഹനയാത്രക്കാർക്കു സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പയ്യനല്ലൂർ പാറമടയ്ക്കുസമീപം റോഡിന്റെ ഇരുവശത്തും നിരത്തിയിരുന്ന മെറ്റലുകൾ മഴവെള്ളത്തിൽ ഒലിച്ചുപോയി റോഡ് തകർന്നു.
പതിനഞ്ചുവർഷമായി തകർന്നുകിടന്നിരുന്ന റോഡിന്റെ പണി പി.എം.ജി.എസ്.വൈ. പദ്ധതിയിൽ കഴിഞ്ഞ ജനുവരിയിലാണ് തുടങ്ങിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ശ്രമഫലമായി 4.80 കോടി രൂപയാണ് റോഡുപണിക്ക് അനുവദിച്ചിട്ടുള്ളത്. മാവിളപ്പടി മുതൽ ആശാൻകലുങ്ക് വരെയും, മാമ്മൂട് മുതൽ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുള്ള ആറുകിലോമീറ്റർ ദൂരം രണ്ടുഘട്ടമായി നവീകരിക്കുന്നതിനാണ് തുക. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ റോഡിന്റെ വീതികൂട്ടി ടാറിങ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മെറ്റൽ വിരിച്ച് റോഡ് ലവൽ ചെയ്തത്. തുടർന്നുള്ള ടാറിങ് ജോലിയാണ് മുടങ്ങിയത്. റോഡുപണി പൂർത്തിയാക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനു വഴി ഒരുക്കിയിരിക്കുകയാണിപ്പോൾ.