ഡിണ്ടിഗൽ : പഴനി പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തില്‍ തമിഴ്നാട് പോലീസ്. തലശേരി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേജ് ഡിഐജി ബി. വിജയകുമാരി പറഞ്ഞു.
പീഡനം നടന്നതായി പറയുന്ന പഴനിയിലെ ലോഡ്ജ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സംഘം അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചു. യുവതിക്ക് ശാരീരിക പരുക്കുകളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവതി ഇന്നലെ മജിസ്ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പ് കൂടി ലഭിച്ചശേഷം അന്തിമ നിഗമനത്തിലെത്താനാണു തീരുമാനം.