നിലമ്പൂര്‍ : നേമത്ത് ബിജെപിക്ക് വോട്ട് മറിച്ച സൂത്രധാരന്‍മാര്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയുമാണെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ. എല്‍ ഡി എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം വഴിക്കടവ് മുണ്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാക്കോ.
നേമം നിയോജക മണ്ഡലത്തിലെ പിന്നാമ്പുറ കഥകള്‍ പറയുന്നത് എനിക്ക് പോലും നാണക്കേടാണ്. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ തന്നെ പല കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടത് ചേരി ദേശീയ അടിസ്ഥാനത്തില്‍ ശക്തി പ്രാപിക്കണം. ഇന്ത്യക്ക് മാതൃകയായ രാഷ്ട്രീയമാണ് കേരളത്തിലെ ഇടത് പക്ഷം. പ്രളയവും, മഹാമാരിയും വന്നിട്ടും കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതെ സംരക്ഷിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണ്.
വികസന രംഗത്തും, ആരോഗ്യ വിദ്യാഭ്യാസ രംഗത്തും വന്‍ കുതിപ്പാണ് കേരളം നടത്തിയത്. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉറപ്പാണ്. എല്ലാ സര്‍വെകളും ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയുടെ പിന്‍മുറക്കാരാണ് മോഡിയും, അമിത് ഷായും. രാജ്യത്തെ വര്‍ഗീയതയിലൂടെ ചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് ബിജെപി ശക്തികള്‍ക്ക് നേരേയാണ് ഇടത് പക്ഷം പോരാടുന്നത്. തെറ്റില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും. ഏറെ വേദനയോടെയാണ് ഞാന്‍ പടിയിറങ്ങിയത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റ സംഖ്യയിലൊതുങ്ങിയാല്‍ അത്ഭുതപ്പെടാനില്ല. 1950 കളില്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റി അംഗമായ പി വി ഷൗക്കത്തലിയുടെ മകനാണ് പി വി അന്‍വര്‍. ഒട്ടേറെ വികസന നേട്ടങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. നിലമ്പൂരില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടി നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥി പി വി അന്‍വര്‍ ചരിത്രം സൃഷ്ടിക്കുമെന്നും പി സി ചാക്കോ പറഞ്ഞു.
പി ഷംസീര്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പി വി അന്‍വര്‍, സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി കെ സൈനബ, എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആലീസ് മാത്യൂ, വി എം ഷൗക്കത്ത്, ടി രവീന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, ജില്ല പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, വി വിനയചന്ദ്രന്‍, കെ മനോജ്, വിറ്റാജ്, ഇസ്മായീല്‍ എരഞ്ഞിക്കല്‍, എം എ തോമസ്, സാബു പൊന്‍വേലി, സരിഗ സോമന്‍, അനിജ സെബാസ്റ്റ്യന്‍, സില്‍വി മനോജ് എന്നിവര്‍ സംസാരിച്ചു.