കോട്ടയം : പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ്. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും കെ സുരേന്ദ്രനോ, പി.എസ് ശ്രീധരൻപിള്ളയോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പത്ത് പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും മനസിലാവില്ലെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടുന്നത് ഗതികേട് തന്നെയാണ്. കെ സുരേന്ദ്രനോ പി.എസ് ശ്രീധരൻ പിള്ളയോ ആയിരുന്നെങ്കിൽ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു.
ബിഷപ്പുമാര്‍ക്കും എൻഎസ്എസ് നേതൃത്വത്തിനും പിഎസ് ശ്രീധരൻ പിള്ള സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.