പത്തനംതിട്ട : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് കൊല്ലപ്പെട്ട പി.പി.മത്തായി (പൊന്നു) യുടെ ബന്ധുക്കളെ പിസി ജോർജ്ജ് എംഎൽഎ സന്ദര്‍ശിച്ചു. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായി പി.സി ജോര്‍ജ്ജ് കൂടിക്കാഴ്ച്ച നടത്തി. ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്തായിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെയാണെന്നും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കുന്ന വനപാലകരുടെ വാദം ശുദ്ധ അസംബന്ധമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ഘട്ടത്തിൽ പ്രസ്‌തുത കിണറിന്റെ മൂടി അടക്കപ്പെട്ട നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുകയാണ്. അതിനാല്‍ ആരോപണവിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുവാനുള്ള ശക്തമായ ഇടപെടലുകൾ തുടരുമെന്നും വനാതിർത്തികളിൽ താമസിക്കുന്ന കർഷകരോട് വനംവകുപ്പ് നടത്തുന്ന വ്യാപകമായ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു.