തൃശൂര്‍ : വലയില്‍ കുടുങ്ങിയ രണ്ടു മയിലുകളെ അടിച്ചുകൊന്നുവെന്ന് ആരോപിക്കപ്പെട്ട കേസില്‍ വൈദികന്‍ കസ്റ്റഡിയില്‍. തൃശൂര്‍ സെന്റ് തോമസ് കോളേജ് റിട്ട. പ്രിന്‍സിപ്പലും രാമവര്‍മപുരം വിയ്യാനി ഭവന്‍ ഡയറക്ടറുമായ ഫാ. ദേവസി പന്തല്ലൂക്കാരന്‍ (65) ആണ് പിടിയിലായത്. ഇന്നു വൈകിട്ടാണ് സംഭവം.
വിയ്യൂര്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള വിയ്യാനി ഭവന്റെ വളപ്പില്‍ വലയില്‍ കുടങ്ങിയ രണ്ടു മയിലുകളെ ഫാ. ദേവസി പന്തല്ലൂക്കാരന്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
വൈദികസേവനത്തില്‍നിന്നു വിരമിച്ചവര്‍ താമസിക്കുന്ന വിയ്യാനി ഭവന്‍ അഞ്ചേക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ കടക്കാതിരിക്കാന്‍ സ്ഥലത്തിന്റെ ഒരു ഭാഗത്ത് വല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുടുങ്ങിയ മയിലുകളെ അടിച്ചുകൊന്നശേഷം സമീപത്തെ ഷെഡ്ഡിലെ കസേരയില്‍ കൊണ്ടുവച്ച് മൂടിയിരിക്കുകയായിരുന്നുവെന്ന് ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വൈദികനെയും മയിലുകളെയും ഫ്ളയിങ് സ്‌ക്വാഡ് തുടര്‍ അന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ക്കു കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദികനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്നതാണ് ദേശീയപക്ഷിയായ മയിലുകള്‍. ഇവയെ കൊല്ലുന്നത് മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.