പഞ്ചാബ് : താങ്ങുവില നിയമപരമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ ഇളവുചെയ്യണമെന്നതുമടക്കം ആവശ്യങ്ങളുമായി പ്രഖ്യാപിച്ച രണ്ടാം കര്‍ഷക സമരം വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തില്‍. രാജ്യതലസ്ഥാനം വളയാന്‍ ലക്ഷ്യമിട്ട് പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച്, ബുധനാഴ്ചത്തെ പോലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. സമരത്തിന്റെ തുടര്‍നീക്കങ്ങള്‍ നേതാക്കള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് ഒരുകോടി രൂപ സഹായധനവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരേ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സില്‍ അറിയിച്ചു.