ഇടുക്കി : പീരുമേട് മണ്ഡലം സി.പി.ഐക്ക് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പീരുമേട് ഉയര്‍ന്നുനിന്ന ഭൂപ്രശ്നം പരിഹരിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ യെ തിരിഞ്ഞുകുത്തും. കയ്യേറ്റം ഉണ്ടെന്ന നിലയില്‍ വ്യാപകമായ പ്രചാരണമായിരുന്നു മാസങ്ങളോളം നടന്നത്. സി.പി.ഐയുടെ വിശ്വസ്തയായ വിഗ്നെശ്വരി ജില്ലാ കളക്ടര്‍ ആയിരുന്നപ്പോഴാണ് പീരുമേട് ഭൂപ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ച്ചയായി നാലുമാസം നിരോധനാജ്ഞ വരെ പ്രഖ്യാപിച്ച അത്യപൂര്‍വ്വ നടപടികള്‍ വരെ അരങ്ങേറിയിട്ടും റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ നിശബ്ദമായിരുന്നു.
നിയമപരമായി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് എല്ലാവരും ഇവിടെ ഭൂമി വാങ്ങിയത്. എന്നാല്‍ ഇവരെയെല്ലാം കൊള്ളക്കാരും കയ്യേറ്റക്കാരുമായി റവന്യൂ വകുപ്പ് ചിത്രീകരിക്കുകയായിരുന്നു. റവന്യൂ വകുപ്പ് മന്ത്രി സി.പി.ഐക്ക് ഉണ്ടായിട്ടും ഈ വിഷയങ്ങള്‍ പരിഹരിക്കുവാന്‍ പാര്‍ട്ടി തയ്യാറായില്ല. വി.വിഗ്നെശ്വരിക്ക് ശേഷം ദിനേശന്‍ ചെറുവാട്ട് ജില്ലാ കളക്ടര്‍ ആയി വന്നിട്ടും പ്രശ്നത്തിന് പരിഹാരം ആയില്ല. ഇദ്ദേഹത്തെ കാണാന്‍ ചെന്ന സംഘടനാപ്രവര്‍ത്തകരെ ആക്ഷേപിച്ച് ഇറക്കിവിടുകയായിരുന്നു ഇദ്ദേഹം ചെയ്തത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയായിരുന്നു പീരുമേട്ടില്‍ നടന്നത്. എന്തായാലും ഇതിന്റെ പ്രതിഫലനം പീരുമേട് മണ്ഡലത്തില്‍ ഉണ്ടാകുമെന്നുതന്നെയാണ് സൂചനകള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലികള്‍ പ്രകടമായിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന സി.പി.ഐക്ക് ഈ തെരഞ്ഞെടുപ്പ് ഒരു ഭാഗ്യപരീക്ഷണം തന്നെയാകും. പീരുമേട് ഭൂപ്രശ്നത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയും റവന്യൂ ഉദ്യോഗസ്ഥരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തവര്‍ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ട് ഉന്നംവെച്ച പീരുമേട്ടിലെ ഭൂപ്രശ്നം തികച്ചും വിഭിന്നമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ കയ്യേറ്റം ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആഘോഷപൂര്‍വ്വം പട്ടയവും അനുബന്ധ രേഖകളും നല്‍കിയ വസ്തുക്കളാണ് കയ്യേറ്റഭൂമിയായി ചിത്രീകരിച്ചത്. പട്ടയം ലഭിച്ച വസ്തു നാലും അഞ്ചും അതിലധികവും കൈമറിഞ്ഞാണ് ഇപ്പോള്‍ പലരുടെയും കൈവശം എത്തിയിരിക്കുന്നത്. ഈ കാലത്തിനിടയില്‍ ഈ പട്ടയ ഭൂമി പലര്‍ക്കായി വില്‍ക്കപ്പെടുകയും പല പ്രാവശ്യം ആധാരം രജിസ്റ്റര്‍ ചെയ്യപ്പെടുകയും കാലാകാലങ്ങളിലെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി ലൊക്കേഷന്‍ സ്കെച്ച് വരച്ചു നല്‍കുകയും പേരില്‍ കൂട്ടി കരം സ്വീകരിച്ച് രസീത് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട രേഖകളും നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥരാണ്. തികച്ചും നിയമപരമായി വിലകൊടുത്തുവാങ്ങിയ ഈ ഭൂമികളാണ് കയ്യേറ്റഭൂമിയായി ചിത്രീകരിച്ചത്.
പല വസ്തുക്കളുടെയും സര്‍വ്വേ നമ്പര്‍ പട്ടയ സര്‍ട്ടിഫിക്കറ്റില്‍ പോലും മാറിക്കിടക്കുകയാണെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ചില രേഖകളില്‍നിന്നും വ്യക്തമാകുന്നത്. അതുപോലെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആധുനിക ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് വരച്ച പട്ടയ സ്കെച്ചും ഇപ്പോള്‍ താരതമ്യം ചെയ്യുന്ന സ്കെച്ചും തമ്മില്‍ നേരീയ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നും പറയുന്നു. വില്ലേജിന്റെ പരിധിയില്‍പോലും മാറ്റമുണ്ടെന്നാണ് അറിയുന്നത്. പട്ടയം നല്‍കിയപ്പോഴും പട്ടയ സ്കെച്ച് തയ്യാറാക്കിയപ്പോഴും സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയപ്പോഴും പതിറ്റാണ്ടുകളായി മാറിമാറി വന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പാകപ്പിഴകളോ ബോധപൂര്‍വ്വം പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ വരുത്തിയ തെറ്റുകളോ ആണ് ഇപ്പോഴുള്ള സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണം.
പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് പീരുമേട്. 1982 മുതൽ മൂന്നു തവണ കോൺഗ്രസിന്റെ കെ.കെ. തോമസ് ആയിരുന്നു ഇവിടെ എം.എല്‍.എ. 1982 ല്‍ 9029, 1987 ല്‍ 4469, 1991 ല്‍ 5041 എന്നിങ്ങനെയായിരുന്നു കെ.കെ.തോമസിന്റെ ഭൂരിപക്ഷം. 1996 ല്‍ സി.പി.ഐ യിലെ സി.എ കുര്യൻ 4790 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പീരുമേട് മണ്ഡലം ഇടതുപക്ഷ പാളയത്തില്‍ എത്തിച്ചു. എന്നാല്‍ 2001 ലെ തരഞ്ഞെടുപ്പില്‍ 3054 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ അഡ്വ. ഇ.എം അഗസ്തി പീരുമേട് തിരിച്ചു പിടിച്ച് ത്രിവര്‍ണ്ണ പതാക പാറിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ പീരുമേട് മണ്ഡലം കോണ്‍ഗ്രസിന് കണികാണാന്‍ സി.പി.ഐ നല്‍കിയില്ല. ബിജിമോള്‍ 2006 ല്‍ 5304 വോട്ടിന്റെയും 2011 ല്‍ 4777 വോട്ടിന്റെയും 2016 ല്‍ 314 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ജയിച്ചു. ബിജിമോള്‍ മൂന്നു തവണ കഴിഞ്ഞതിനാല്‍ 2021ല്‍ സി.പി.ഐ നേതാവ് വാഴൂര്‍ സോമനാണ് മാറ്റുരച്ചത്. കോണ്‍ഗ്രസിലെ സിറിയക് തോമസ് ആയിരുന്നു എതിരാളി. 1835 വോട്ടുകള്‍ക്കാണ് വാഴൂര്‍ സോമന്‍ സി.പി.ഐയുടെ മണ്ഡലം നിലനിര്‍ത്തിയത്. 2025 ആഗസ്റ്റ് 21 ന് വാഴൂർ സോമന്‍ അന്തരിച്ചു.
സി.പി.ഐ യില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നത് മുന്‍ എം.എല്‍.എ അന്തരിച്ച വാഴൂര്‍ സോമന്റെ മകന്‍ അഡ്വ.സോബിന്‍ സോമന്റെ പേരാണ്. പീരുമേട് ബാറിലെ അഭിഭാഷകനാണ് ഇദ്ദേഹം. ഇതോടൊപ്പം ജോസ് ഫിലിപ്പിന്റെ പേരും പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത് കഴിഞ്ഞ രണ്ടു പ്രാവശ്യം വാശിയേറിയ മത്സരം കാഴ്ചവെച്ച് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട അഡ്വ.സിറിയക് തോമസ് ആണ്. ഏലപ്പാറ സ്വദേശിയായ സിറിയക് തോമസിനുള്ള ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ പരിഗണിക്കപ്പെടുമെന്നു തന്നെയാണ് സൂചന. 1982 മുതൽ മൂന്നു തവണ കോൺഗ്രസിന്റെ പീരുമേട് എം.എല്‍.എയായിരുന്ന കെ.കെ. തോമസിന്റെ മകനാണ് സിറിയക് തോമസ്. 2016 ല്‍ വെറും 314 വോട്ടിനാണ് ബിജിമോളോട് പരാജയപ്പെട്ടത്. 2021ല്‍ 1835 വോട്ടുകള്‍ക്ക് വാഴൂര്‍ സോമനോടും പരാജയം സമ്മതിച്ചു. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ റോയി കെ.പൌലോസ്, നിഷ സോമന്‍, ഷാജി പൈനാടത്ത്, അലോഷ്യസ് സേവ്യര്‍ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
































