ആലുവ : മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ആലുവ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വെച്ചായിരുന്നു അവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്കാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.
തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സമരങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ് ഗോമതി ശ്രദ്ധ നേടിയത്.
2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന് പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.