പത്തനംതിട്ട : കോവിഡ്-19 രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ട്രഷറി പി.ടി.എസ്.ബി അക്കൗണ്ടുകള്‍ മുഖേന നല്‍കിവരുന്ന ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെന്‍ഷന്‍ കര്‍ശനനിയന്ത്രണങ്ങളോടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയായതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.
ഏപ്രില്‍ രണ്ടു മുതല്‍ ഏഴുവരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടു മുതല്‍ ഏഴുവരെയുള്ള ട്രഷറി ഇടപാടുകളുടെ സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ പുന:ക്രമീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ബാങ്കിടപാടുകള്‍ ഇല്ലാത്തതിനാല്‍ ഏപ്രില്‍ രണ്ടിനു ബാങ്കില്‍ നിന്നു പണം ലഭിക്കുന്ന മുറയ്ക്ക് രാവിലെ പത്തോടുകൂടി മാത്രമേ പെന്‍ഷന്‍ വിതരണം സാധ്യമാകുകയുള്ളു.
മുതിര്‍ന്ന പൗരന്‍മാരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും, ആരോഗ്യപ്രശ്നമുള്ളവരിലും രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ളതിനാലും പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം.
ട്രഷറിയില്‍ എത്തുന്ന ഇടപാടുകാര്‍ വ്യക്തിശുചിത്വം പാലിക്കുകയും തൂവാല/മാസ്‌ക് എന്നിവ കരുതുകയും വേണം. പനിയോ, മറ്റു രോഗലക്ഷണമോ ഉള്ളവരും നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും യാതൊരുകാരണവശാലും ട്രഷറിയില്‍ എത്തരുത്.
നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ തങ്ങളുടെ പി.ടി.എസ്.ബി. ചെക്കില്‍ ബെയററെ (മെസഞ്ചര്‍) ചുമതലപ്പെടുത്തി ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യാം. നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ട്രഷറിയിലേക്കു യാത്രചെയ്യുന്നവര്‍ പി.പി.ഒ, പാസ്ബുക്ക്, പി.ടി.എസ്.ബി ചെക്ക് എന്നിവ കരുതണം. സുരക്ഷാ മുന്‍കരുതലുകളോടെയുള്ള പെന്‍ഷന്‍ വിതരണം സുഗമമാക്കാനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ പെന്‍ഷന്‍കാരുടേയും സഹകരണം അധികൃതര്‍ അഭ്യര്‍ഥിച്ചു.