ഇടുക്കി : പള്ളിവാസല്‍ പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പിന് ചോര്‍ച്ച. പവര്‍ ഹൗസിന്റെ നൂറ് മീറ്റര്‍ മുകള്‍ഭാഗത്തുള്ള ഏറ്റവും വലിയ പൈപ്പിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഉടന്‍ ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ വലിയ അപകടസാധ്യതയാണ് ഉണ്ടാകുന്നത്.
ഇടുക്കി പന്നിയാര്‍ പെന്‍സ്റ്റോക് ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിട്ട ഇന്നലെയാണ് പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് എണ്‍പത് വര്‍ഷം പിന്നിടുന്ന പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിയുടെ പവ്വര്‍ ഹൗസിലേയ്ക്കുള്ള ഏറ്റവും വലിയ പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. കൂറ്റന്‍ പൈപ്പുകള്‍ തമ്മില്‍ കൃത്യമായി ഉറപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപം നിരവധി വീടുകളുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ രീതിയില്‍ ചോര്‍ച്ചയുണ്ടായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
പല പൈപ്പുകളും കാലഹരണപ്പെട്ട് ബലക്ഷയം ഉണ്ടായി. ദുരന്തമുണ്ടാകുന്നതിന് മുന്‍പ് ഇവ മാറ്റാന്‍ അധികൃതര്‍ തയ്യാറാകണം.
എട്ടുപേരുടെ ജീവനെടുത്ത പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുന്തത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് കരകയറുന്നതിന് മുന്‍പാണ് മറ്റൊരു ദുരന്ത സാധ്യതയായി പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്കുകള്‍ ചോര്‍ന്നൊലിക്കുന്നത്.