തിരുവനന്തപുരം : നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അയോധ്യ, ഏകസിവിൽ കോഡ് വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിന് സംഘപരിവാറുമായി പൊരുത്തപ്പെടുന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തിന് നിലപാടുണ്ട്. അതാണ് പ്രസക്തി. ഒരു വിഭാഗത്തിൽ ജനിച്ചുപോയെന്ന് കരുതി അവർ ഭീതിയിൽ കഴിയണോ. അവർക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയണം. അതിന് തടസമുണ്ടാകുമ്പോൾ ചോദ്യം ചെയ്യാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. കേരള വിരുദ്ധ വികാരം കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനു വേണ്ടി അവർ ന്യായങ്ങൾ കണ്ടെത്തുന്നു. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിലെ ഒരു എംപിയും ശബ്ദിച്ചില്ല.