കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐയ‌്‌ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായി ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് പുന:സ്ഥാപിച്ചു. അപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പിഴവില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണമെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം.
ഇതുവരെയുള്ള അന്വേഷണത്തില്‍ പിഴവില്ലാത്തപ്പോള്‍, ഇനിയുള്ള നടപടികള്‍ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. അന്വേഷണം സി.ബി.ഐക്ക് വിടാമെന്ന് തീരുമാനിക്കുമ്പോള്‍, ഫലത്തില്‍, വിചാരണക്കോടതിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹൈക്കോടതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മനീന്ദര്‍ സിംഗാവും സുപ്രീം കോടതിയിലും ഹാജരാവുക.