പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലകേസിലെ നിയമതടസങ്ങള്‍ നീങ്ങിയതോടെ അന്വേഷണത്തിന് സിബിഐ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന മുഖ്യപ്രതി എ. പീതാംബരന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടുന്നത് അടക്കമുള്ള നടപടികളുടെ ഭാഗമായി സിബിഐ അന്വേഷണസംഘം ഇന്ന് എറണാകുളം സി ജെഎം കോടതിയില്‍ ഹർജി നല്‍കും. അന്വേഷണത്തിനായി സിബിഐ സംഘം ഈയാഴ്ച തന്നെ പെരിയയിലെത്തുമെന്നാണ് സൂചന.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം മുമ്പ് സിബിഐ പെരിയയിലെത്തി പ്രാഥമികാന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം മുടങ്ങുകയായിരുന്നു. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതോടെയാണ് സി.ബി.ഐ അന്വേഷണം വീണ്ടും ആരംഭിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഏച്ചിലടുക്കത്തെ എ.പീതാംബരനാണ് കേസിലെ മുഖ്യപ്രതി. കേസില്‍ മൊത്തം 14 പ്രതികളുണ്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സിപിഎം ഉദുമ ഏരിയാസെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിനായി സിബി ഐ സംഘം ഓണാവധിക്ക് ശേഷം കാസര്‍കോട് ജില്ലയിലെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ മരിച്ച പത്തനംതിട്ടയിലെ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് കാസര്‍കോട് ജില്ലയിലേക്കുള്ള സി.ബി.ഐയുടെ വരവ് വൈകുന്നത്. മത്തായിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.