എറണാകുളം : പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി മാര്‍ ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകന്‍ വൈശാഖ് (20), കോതമംഗലം കുത്തുകുഴി കളരിയ്ക്കല്‍ മാത്യുവിന്റെ മകന്‍ ബേസില്‍ (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ബേസിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പെരിയാര്‍ തീരത്ത് കൂട്ടുകാരുമൊത്ത് പന്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. കളിക്കുന്നതിനിടെ വെളളത്തില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും, നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. വൈകിട്ട് 7.30 ന് തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. പെരിയാറില്‍ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.