തിരുവനന്തപുരം : പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസംതന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഈ മാസം 15 മുതലാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
നിലവില്‍ പുതിയതായി വാങ്ങുന്ന വാഹനം താല്‍ക്കാലിക രജിസ്ട്രേഷന്‍ നടത്തി ഒരുമാസം വരെ ഓടിക്കാം. ഇനി മുതല്‍ ഈ സൗകര്യം ബോഡി നിര്‍മിക്കേണ്ട വാഹനങ്ങള്‍ക്കും ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ക്കും മാത്രമായി ചുരുക്കും. അല്ലാത്തവയ്ക്ക് വാഹനം വാങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ കിട്ടും. അതിസുരക്ഷ നമ്പര്‍ പ്ലേറ്റും ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം. രജിസ്ട്രേഷനായി വാഹനവുമായി മോട്ടോര്‍ വാഹന വകുപ്പിന്റ ഓഫീസില്‍ പോകേണ്ടതില്ല. ഇനി ഫാന്‍സി നമ്പര്‍ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് കിട്ടിയതിന് ശേഷമേ വാഹനം പുറത്തിറക്കാവു.
താല്‍ക്കാലിക രജിസ്ട്രേഷന്‍ എടുത്തിട്ട് നിശ്ചിതസമയത്തിനുള്ളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനി പണികിട്ടും. കാലാവധി കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്താല്‍ പതിനഞ്ചിന് പുറമെ, പിഴയായി പത്തുവര്‍ഷത്തെ നികുതി കൂടി അധികം അടയ്ക്കേണ്ടിവരും. താല്‍ക്കാലിക രജിസ്ട്രേഷന്റ കാലാവധി ഒരുമാസമെന്നത് ആറുമാസമാക്കി ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും പതിനഞ്ച് മുതല്‍ ഓണ്‍ലൈനാകുകയാണ്.