പത്തനംതിട്ട : ജനവാസ മേഖലയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശവുമായ മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയിൽ പാറമടക്ക് അനുമതി നല്കുവാനുള്ള പഞ്ചായത്തിന്റേയും സെക്രട്ടറിയുടേയും നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ( ഏപ്രിൽ 2- ബുനാഴ്ച്ച ) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് എന്നിവർ പറഞ്ഞു.
രാവിലെ 10.30 ന്- അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചും തുടർന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടക്കുന്ന ധർണ്ണയും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കൾ, മത,സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി സംഘടനാപ്രവർത്തൾ എന്നിവർ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഇലക്കുളം, കോട്ടമുക്ക്, കിഴക്കുപുറം, വടക്കുപുറം, ശങ്കരത്തിൽ, ഈട്ടിമൂട്ടിൽ ഭാഗങ്ങൾ, വെട്ടൂർ, പരുത്തിയാനി, തോമ്പിൽ കൊട്ടാരം, ഇറമ്പാത്തോട് എന്നിവിടങ്ങൾ ഉൾപ്പെടുന്ന അഞ്ച് വാർഡുകളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളേയും വിവിധ ആരാധനാലയങ്ങളേയും ബാധിക്കുന്നതും തൊട്ട് അടുത്തു കൂടി ഒഴുകി ഒട്ടേറെ കുടിവെള്ള സ്ത്രോതസുകൾ ഉള്ള അച്ചൻകോവിൽ ആറ്റിൽ എത്തുന്നതുമായ ഇറമ്പാത്തോട് മലിനമാക്കുകയും സഞ്ചാരികളെ ആകർഷിക്കുന്ന വടക്കുപുറം മീൻമുട്ടി വെള്ളച്ചാട്ടത്തിന് കോട്ടമുണ്ടാക്കുകയും ചെയ്യുന്നതാണ് നിർദ്ദിഷ്ട കരിംകുറ്റി പാറമടയെന്നും വളഞ്ഞ വഴികളിലൂടെയാണ് സർക്കാരിന്റെ പല അനുമതികളും ലഭ്യമാക്കിയിട്ടുള്ള തെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പാറമടക്കുള്ള ഗ്രാമ പഞ്ചായത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപേക്ഷ നിരാകരിച്ചില്ലെങ്കിൽ ക്വാറി വിരുദ്ധ ജനകീയ സമിതിയുമായി ചേർന്ന് സമരം ശക്തമാക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പറഞ്ഞു.