തൃശ്ശൂര്‍ : ഉത്സവ നടത്തിപ്പിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ആന ഉടമകൾ പ്രക്ഷോഭത്തിലേക്ക്. ഉത്സവങ്ങൾ ഇല്ലാത്തതിനാൽ കലാകാരൻമാർ ഉൾപ്പെടെയുള്ളവർ പട്ടിണിയിലാണ്. ഉത്സവങ്ങൾ പഴയപടി നടത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകൾ കത്ത് നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഉത്സവം ഇല്ലതായിട്ട് രണ്ട് വർഷമാണ്. മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ നീക്കി വരുന്നു.
ഉത്സവ നടത്തിപ്പിൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഇതുമൂലം ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ മേഖകളിലും പ്രതിസന്ധിയാണ്. വാദ്യകലാകാരൻമാർ പട്ടിണിയുടെ വക്കിലാണെന്നു ആന ഉടമകള്‍ പറയുന്നു. ക്ഷേത്രത്തിനകത്ത് അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് നിലവിൽ അനുമതി. ഇത് ഒഴിവാക്കി ഉത്സവങ്ങൾ പഴയപടി നടത്താന്‍ അനുമതി വേണമെന്നാണ് ആന ഉടമകളുടെ ആവശ്യം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്നും ആന ഉടമകള്‍ പറയുന്നു.