സ്ഥിര നിക്ഷേപത്തിനായി ബാങ്കിലേക്ക് പോകുമ്പോൾ പലിശ നിരക്കും ബാങ്കിന്റെ പ്രശസ്തിയും മാത്രമാണ് പലരും പരിഗണിക്കുന്നത്. ബാങ്ക് എത്രത്തോളം സുരക്ഷിതമാണ്, കാലാവധിയെത്തുമ്പോൾ എത്ര രൂപ ലഭിക്കും, കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ എത്ര രൂപ പിഴ നൽകണം എന്നീ കണക്കുകളും നമ്മള്‍ പരിശോധിക്കണം. എന്നാൽ പരമ്പരാഗത രീതിയിൽ സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാണോ എന്ന് പലരും ചിന്തിക്കുന്നില്ല. പണപ്പെരുപ്പ നിരക്കും പലിശ നിരക്കും തമ്മിൽ താരതമ്യം ചെയ്തുള്ള പഠനം നടത്താതെയാണ് പലരും ബാങ്കിൽ നിക്ഷേപിക്കുന്നത്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപ റിട്ടേൺ പലർക്കും വളരെ കുറവായിരിക്കും. ഇക്കാര്യം പരിശോധിക്കുന്നതിനോടൊപ്പം എങ്ങനെ മികച്ച പലിശ നിരക്കിൽ നിക്ഷേപം നടത്താം എന്ന് നോക്കാം.
സ്ഥിര നിക്ഷേപവും പണപ്പെരുപ്പവും
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും 8.5 ശതമാനം മുതൽ 9.36 ശതമാനം വരെ പലിശനിരക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ നികുതിക്ക് ശേഷമുള്ള വരുമാനം കണക്കാക്കുമ്പോൾ സ്ഥിര നിക്ഷേപത്തിന് പലപ്പോഴും പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്നില്ല. എച്ച്ഡിഎഫ്സി ബാങ്ക് 6.6 ശതമാനം പലിശയാണ് 1 വർഷ സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 30 ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്നൊരാൾക്ക് 4.62 ശതമാനമാണ് ലഭിക്കുന്ന റിട്ടേൺ. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമാണ്. സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പണപ്പെരുപ്പ നിരക്കിന് താഴെയായി തുടരുന്ന സാഹചര്യത്തിൽ നിക്ഷേപത്തിന് മൂല്യം നഷ്ടപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ ഇത് പ്രശ്നം സൃഷ്ടിക്കും.
പകരം 2 മാർഗങ്ങൾ
ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ ലഭിക്കാൻ നിക്ഷേപകന് 2 വഴികൾ സ്വീകരിക്കാം. മുഴുവൻ തുക സ്ഥിര നിക്ഷേപത്തിലേക്ക് നിക്ഷേപിക്കുന്നതിന് പകരം വിവിധ അസറ്റ് ക്ലാസുകളുടെ മിശ്രിതത്തിൽ നിക്ഷേപിച്ച് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം പരിഗണിക്കാം. അതോടൊപ്പം വിപണിയിൽ പണപ്പെരുപ്പ പ്രശ്‌നങ്ങൾ അനുഭവപ്പെടുമ്പോൾ ഹ്രസ്വകാല സ്ഥിര നിക്ഷേപ സ്കീമുകളിലേക്ക് പോകുന്നത് ഗുണം ചെയ്യും. നിക്ഷേപിക്കുന്നതിന് മുൻപ് വിവിധ സ്ഥിര നിക്ഷേപങ്ങളോ വ്യത്യസ്ത നിക്ഷേപങ്ങളോ താരതമ്യം ചെയ്ത് പണപ്പെരുപ്പ നിരക്കിനെ മറികടക്കുമോ എന്ന് നോക്കാം.
അധിക പലിശ ലഭിക്കാൻ
സ്ഥിര നിക്ഷേപത്തിൽ നിന്ന് അധിക പലിശ ലഭിക്കാൻ ലാഡറിംഗ് തന്ത്രം നിക്ഷേപകന് പരിഗണിക്കാവുന്നതാണ്. കാലാവധിയെത്തുന്ന സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കിൽ ദീർഘകാലത്തേക്ക് വീണ്ടും നിക്ഷേപിക്കുന്നത് ലാഡറിംഗിന്റെ ഭാഗമാണ്. കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നതിനൊപ്പം നിക്ഷേപകന്റെ പണം പ്രത്യേക പലിശ നിരക്കിൽ ദീർഘകാലയളവിൽ ലോക്ക് ചെയ്യുന്നത് ലാഡറിംഗിലൂടെ ഒഴിവാക്കാനുമാകും. അതിനാൽ നിക്ഷേപകൻ കയ്യിലുള്ള മുഴുവൻ തുകയും ഒരൊറ്റ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതിന് പകരം കയ്യിലുള്ള ഫണ്ട് തുല്യമായി വിഭജിച്ച് വ്യത്യസ്ത കാലയളവുകളുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റണം.
ഉദാഹരണത്തിന് 6 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാൻ പരിഗണിക്കുന്നൊരാളാണെങ്കിൽ, ഈ തുക ഒരു ലക്ഷം രൂപ, 2 ലക്ഷം രൂപ, 3 ലക്ഷം രൂപ എന്നിങ്ങനെ മൂന്നായി വിഭജിച്ച് ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാം. ഒരു വർഷത്തിന് ശേഷം ആദ്യത്തെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കാം. അതുപോലെ, രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കണം. സ്ഥിര നിക്ഷേപ സ്കീമുകൾ കൂടുതൽ സമയത്തേക്ക് റോൾ ചെയ്യുന്നത് വരുമാനം ഉയർത്താൻ
സഹായിക്കും.