റാന്നി: പെരുമ്പെട്ടി പട്ടയ വിഷയത്തിൽ സർക്കാർ ഉത്തരവ് ലംഘിക്കാൻ വനംവകുപ്പ് രേഖകൾ മറച്ചു വെച്ചതായി കണ്ടെത്തി. കർഷകരുടെ ഭൂമി 1958ലെ നോട്ടിഫിക്കേഷൻ അനുസരിച്ച് വനപരിധിക്കുള്ളിലാണോ പുറത്താണോ എന്ന് ഒരു മാസത്തിനകം സർവ്വേ നടത്തി കണ്ടെത്താൻ 2019 ജനുവരി 10 നാണ് സർക്കാർ ഉത്തരവിട്ടത്. രണ്ടു വർഷം കഴിഞ്ഞിട്ടും ആ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. 1958 ലെ യഥാർത്ഥ സർവ്വേയുടെ സ്കെച്ചോ അതിന്റെ പകർപ്പോ എവിടെനിന്നും ലഭ്യമായിട്ടില്ലെന്ന ന്യായമാണ് വനംവകുപ്പ് ഇതിന് പറഞ്ഞിരുന്നത്.
കാണാനില്ലെന്നു വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ ആവർത്തിച്ചു പറഞ്ഞിരുന്ന സ്കെച്ച് കോട്ടയം ഡി. എഫ്. ഒ. ഓഫീസിൽ നിന്ന് കർഷകർ കണ്ടെടുത്തു. വിവരാവകാശ നിയമപ്രകാരം കോട്ടയം ഡി. എഫ്. ഒ. പരിശോധന നടത്തിയപ്പോഴാണ് ഈ സുപ്രധാന രേഖ ലഭിച്ചത്. കർഷകരുടെ ഭൂമി വനത്തിൽ ഉൾപ്പെടുന്നില്ലെന്നു സ്കെച്ചിൽ വ്യക്തമായി കുറിച്ചിട്ടുണ്ട്.
സാധ്യമായ ഒരിടത്തും രേഖ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ഉന്നതോദ്യോഗസ്ഥൻ നേരത്തെ കോട്ടയം ഡി. എഫ്.ഒ ആയിരുന്നു. സർക്കാർ ഉത്തരവ് ലംഘിക്കാൻ ബോധപൂർവം സർവ്വേ സ്കെച്ച് മുക്കിയതാണെന്ന് കർഷകർ ആരോപിക്കുന്നു. സ്കെച്ച് ലഭ്യമായിട്ടും സർവ്വേ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാതെ വന്നതിനെ തുടർന്ന് ഉടൻ സർവ്വേ പൂർത്തിയാക്കാൻ ജനുവരി 22 ന് മന്ത്രിതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നും സത്യം പുറത്തുവരണമെന്നും സമരം ചെയ്യുന്ന കർഷകർ ആവശ്യപ്പെടുന്നു.