ചിറ്റാർ: സി പി ഐ (എം) പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന മൂഴിയാർ സർക്കിൾ ഇൻസ്പക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പെരുനാട് ഏരിയാ സെക്രട്ടറി എസ് .ഹരിദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി ആങ്ങമൂഴി മേഖലയിലെ സി പി ഐ (എം) പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ മൂഴിയാർ സർക്കിൾ ഇൻസ്പെക്ടർ വി എസ് ബിജു ശ്രമിക്കുകയാണ് . ഇതിന്റെ ഭാഗമായി ഗവിയിലെ സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി രാജൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മൂഴിയാർ സ്റ്റേഷനിൽ എത്തിയപ്പോള്‍ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രാജനെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ഞായാറാഴ്ച സി പി.എം ഏരിയാ കമ്മറ്റിയംഗങ്ങളായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ പ്രമോദ് , സീതത്തോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി എ നിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഗവിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കെ എഫ് ഡി സി മാനേജ്മെന്റുമായി സംസാരിക്കാനും തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പoനത്തിനുള്ള ടിവി വിതരണം ചെയ്യുന്നതിനും ഗവിയില്‍ പോയിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കെ.എഫ്.ഡി.സി അധികൃതരുമായി ചർച്ച ചെയ്യുന്നതിനിടെ സി പി എം നേതാക്കൻമാരോട് വളരെ മോശമായ രീതിയിൽ കെ എഫ് ഡി സി ഉദ്യോഗസ്ഥര്‍ പെരുമാറി. ഇതു ചോദ്യം ചെയ്ത നേതാക്കൻമാർക്കെതിരെ കെ എഫ് ഡി സി മൂഴിയാർ പോലീസിൽ പരാതി നൽകി. ഇതിനെത്തുടര്‍ന്ന് സർക്കിൾ ഇൻസ്പെക്ടർ സി പി എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. ഒരു മാസം മുമ്പ് ലോക് ഡൗൺ സമയത്ത് ഡിവൈഎഫ് ഐ നടത്തിയ ഹൃദയപൂർവ്വം പദ്ധതിയിലേക്ക് ഉച്ചഭക്ഷണം ശേഖരിച്ച വാഹനവും പ്രവർത്തകരെയും തടയുകയും കേസെടുക്കാൻ ശ്രമിച്ചതും ഈ സർക്കിൾ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു.
സി പി.എം ഏരിയാ കമ്മിറ്റയംഗങ്ങളായ പി.ആർ പ്രമോദ് , ടി എ നിവാസ് , ഗവി വാർഡ് മെമ്പർ വി കുമാർ , പ്രവർത്തകരായ വി.ടി ബിജു , രാജൻ , നടരാജൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 ഓളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് എരിയാ സെക്രട്ടറി എസ് . ഹരിദാസ് ആവശ്യപ്പെട്ടു.