റാന്നി : തീർത്ഥാടനം ആരംഭിച്ചിട്ടും, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാതെ പെരുനാട് പഞ്ചായത്ത്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ പതിവിലും വിരുദ്ധമായി ക്രമീകരങ്ങൾ ബാക്കിയാണ്. കുടിവെള്ള ക്രമീകരണവും, കുളിക്കടവുകളിൽ ലൈഫ്ഗാഡ് നിയമനം അടക്കം ഇനിയും നടക്കേണ്ടതുണ്ട്. കുടിവെള്ള ക്രമീരണത്തിനായി ടെണ്ടർ ക്ഷണിച്ചതല്ലാതെ എഗ്രിമെൻ്റ് ഉറപ്പിച്ച് ബാക്കി നടപടികൾ നടന്നിട്ടില്ല.
വെള്ളത്തിൻ്റെ ക്രമീകരണത്തിനായി വാട്ടർ ടാങ്കുകൾ പഞ്ചായത്ത് ഓഫീസിൻ്റെ പരിസരത്ത് കൂടി കിടക്കുന്ന കാഴ്ചയാണ് കാണാനാവുക. പഞ്ചായത്തിൽ ഏഴ് കുളിക്കടവുകളാണുള്ളത്. മുൻവർഷങ്ങളിൽ തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് തന്നെ കടവുകളിൽ ലൈഫ് ഗാര്‍ഡുകളെ നിയമിക്കാറുണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷം നദിയിൽ പല കടവുകളിലും ചെളിമണ്ണ് അടിഞ്ഞിരിക്കുകയാണ്.
ഇത് കരയാണെന്ന് ധരിച്ച് ഇറങ്ങുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതകൾ ഏറെയാണ്. പെരുനാട് പഞ്ചായത്തിൽ കക്കാട്ടുകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം, മടത്തുംമൂഴിയിലെ ഇടത്താവളം, മാടമൺ ഋഷികേശ ക്ഷേത്രം എന്നിവയാണ് പ്രധാന ഇടത്താവളങ്ങള്‍. കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ വൃശ്ചികം ആരംഭം മുതൽ ഭക്തരുടെ നീണ്ട തിരക്കനുഭവപ്പെടുന്നതാണ്.
ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള നടപന്തലിൽ ഭക്തർ തമ്പടിച്ച് ഭക്ഷണം വെച്ചു കഴിച്ച് വിശ്രമിക്കുന്ന സ്ഥലം കൂടിയാണ്. ശബരിമല തീർത്ഥാടന കാലം സുഗമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുവാന്‍ പഞ്ചായത്ത് ഭരണസമതി ജാഗ്രത പുലർത്തണമെന്ന് കക്കാട് വാർഡ് മെമ്പർ അരുൺ അനുരുദ്ധൻ ആവിശ്യപ്പെട്ടു.