റാന്നി : പെരുനാട് ഹോമിയോ ആശുപത്രിയില്‍ 14 വർഷമായി ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ കൊറോണ കാലത്ത് പിരിച്ചുവിട്ട് പകരം സിപിഎം പ്രവർത്തകരെ നിയമിച്ചതായി ആരോപണം. മരുന്നുമായി പുലബന്ധം പോലുമില്ലാത്തവരെ നിയമിച്ചതിലൂടെ ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കിയെന്നും ഇവര്‍ പറയുന്നു.
ജോലിയിൽ തുടരാനുള്ള താൽക്കാലിക ജീവനക്കാരുടെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കാതെ തഴയുകയായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ മേഖലയില്‍ കഴിവും യോഗ്യതയും ഉള്ളവരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം സിപിഎം പ്രവർത്തകരെയും ഇഷ്ടക്കാരെയും നിയമിക്കുകയായിരുന്നു എന്നാണ് പരാതി.
പഴയ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയും പുതിയതായി നടത്തിയ അനധികൃത നിയമനത്തിനെതിരെയും പെരുനാട് പഞ്ചായത്തിലെ ബിജെപിയുടെ അഞ്ച് അംഗങ്ങളും കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റെ നേത്രുത്വത്തില്‍ പഞ്ചായത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലയിലാണ് ചിലരുടെ പോക്ക്.