ന്യൂഡല്‍ഹി : ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് വളര്‍ത്തുനായയെ പറപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത യു ട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ യു ട്യൂബറായ ഗൗരവ് ജോണാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്.
ഗൗരവിന്റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വെച്ചായിരുന്നു ചിത്രീകരണം. നായ വായുവില്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തതോടെ സംഭവം വിവാദമായി. ഗൗരവിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ മാളവ്യ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെ യൂട്യൂബില്‍ നിന്ന് വിഡിയോ പിന്‍വലിച്ചിട്ടുണ്ട്.