ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഗവര്‍ണര്‍ അയച്ച രണ്ട് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചെന്ന് സര്‍ക്കാർ കോടതിയിൽ പറഞ്ഞു. കേരളത്തിനു വേണ്ടി ഹാജരായ കെ.കെ വേണുഗോപാൽ ആണ് വിഷയം സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ബില്ലിലുണ്ടായിരുന്നത്.
ഇത്തരം ബില്ലുകൾ മാസങ്ങളോളം ഒപ്പിടാതെ വൈകിപ്പിക്കുകയാണ്. ഗവർണർ ഒപ്പിടാതെ അയച്ച രണ്ട് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. ഇതിലൊന്ന്, ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കിയതായിരുന്നു. കേന്ദ്ര നിയമത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങളാണെങ്കിൽ ഗവർണർക്ക് തന്നെ ഒപ്പിടാം. എന്നാൽ ഇതിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുകയാണ് ഗവർണർ ചെയ്തത്.