കൊച്ചി : സംസ്ഥാനത്ത് വീട്ടിൽ പ്രസവം നടത്തുന്നത് ഒഴിവാക്കി ആശുപത്രികളിൽ സുരക്ഷിത പ്രസവം ഉറപ്പു വരുത്തണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫിസറുമായ ഡോ.കെ. പ്രതിഭയുടെ ഹർജിയാണു ജസ്റ്റിസ് എസ്.ഈശ്വരൻ പരിഗണിച്ചത്. ഹർജി ജനുവരി 20 ന് വീണ്ടും പരിഗണിക്കും. വീടുകളിൽ പ്രസവം നടത്തുന്നതു മൂലം അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി സർക്കാരിനു നിവേദനം നൽകിയിരുന്നു. വീടുകളിലും ആരോഗ്യ കേന്ദ്രങ്ങൾ അല്ലാത്ത രഹസ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്നത് പൂർണമായി ഒഴിവാക്കാൻ ആവശ്യമായ ബോധവൽക്കരണം തദ്ദേശ സ്‌ഥാപനങ്ങൾ മുഖേന നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
വീട്ടിലെ പ്രസവങ്ങൾ തടയാൻ കൃത്യമായ വകുപ്പുകളില്ലെന്നു ഹർജിക്കാരി നിവേദനത്തിൽ അറിയിച്ചിരുന്നു. പ്രസവം വീട്ടിൽ നടത്തുന്നതിനാൽ അമ്മയും കുഞ്ഞു മരിക്കുന്നതും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ എത്തുന്നതുമായ സംഭവങ്ങളുണ്ടാകുന്നുണ്ട്. ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട് എന്ന് കാ ണിക്കാൻ സൗകര്യമുള്ളത് ചിലർ മുതലെടുക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ നിർദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണു ഹർജിക്കാരി കഴിഞ്ഞ വർഷം സർക്കാരിന് നിവേദനം നൽകിയത്. ഇതിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.