കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഹൈക്കോടതിയിൽ ഹർജി. പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. പോലീസ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങളാണ് പി.വി. അൻവർ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചത്. പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിൽ പ്രവർത്തിക്കുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപണം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തുവെന്നും അൻവർ ആരോപിച്ചിരുന്നു. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ എ.ഡി.ജി.പി അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നതതല സംഘമാണ് അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുക.
ഡിജിപിയെ കൂടാതെ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, ഇന്‍റലിജൻസ് എസ്.എസ്.ബി എസ്.പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തുന്നതായിരിക്കും. എ.ഡി.ജി.പി അജിത്കുമാറിന്റെ കവടിയാർ കൊട്ടാരപരിസരത്തെ ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. കോടികള്‍ മുടക്കിയാണ് കവടിയാറില്‍ വീട് നിര്‍മിക്കുന്നതെന്നും ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടുവെക്കാന്‍ അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.