പത്തനംതിട്ട : മഹാപ്രളയവും കോവിഡും സാധാരണക്കാരന്റെ നിത്യ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നതിലൂടെ ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പോഷക സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ഏകദിന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ തൊഴിലാളികളുടെയും വ്യാപാരികളുടെയും വീട്ടമ്മമാരുടേയും കുടുംബ ബജറ്റിനെ തന്നെ തകർത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിക്കാത്ത സാഹചര്യത്തില്‍ പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് അടുത്തും പാചകവാതകത്തിന് 800 രൂപയ്ക്ക് അടുത്തും വില ഉയരുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് അധിക നികുതി വേണ്ടെന്നു വെക്കുകയോ ഇന്ധന വിലയില്‍ കുറവ് വരുത്തുകയോ ചെയ്യണമെന്ന് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി കളക്ടറേറ്റിന് മുമ്പിൽ വിറക് അടുപ്പുകൂട്ടി കഞ്ഞി വെച്ച് കൊണ്ട് സത്യാഗ്രഹസമരത്തിന് തുടക്കം കുറിച്ചു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വൈ രാജൻ, കെ ടി യു സി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ, നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ കെ വി കുര്യാക്കോസ്, ദീപു ഉമ്മൻ, റോയി പുത്തൻ പറമ്പൻ, ഗീവർഗീസ് തറയിൽ, സാം മാത്യു, വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് റിൻസി സിറിൽ, കെ എസ് സി ജില്ലാ വൈസ് പ്രസിഡന്റ് ജഫ് ബിജു ഈശോ, ദളിത് ഫണ്ട് ജില്ലാ സെക്രട്ടറി അജിത് കുമാർ , പോഷക സംഘടനാ ഭാരവാഹികളായ ജെൻസി കടവിങ്കൽ, , സിറിൽ സി മാത്യു, സജി കൂടാരത്തിൽ, അനീഷ് വി ചെറിയാൻ, റ്റിജു ചാക്കോ, ബെനിൻ ജോർജ് മാത്യു, ബിജു അലക്സ് മാത്യു, ജയ കോശി, ഷില ഫെലിക്സ്, ആന്റച്ഛൻ വെച്ചുച്ചിറ എന്നിവർ പങ്കെടുത്തു.
സത്യാഗ്രഹ സമരത്തിന് ഫിജി ഫെലിക്സ്, ശ്രീകുമാർ മണിപ്പുഴ, സനീഷ് പൊടിയാടി, കെ സി നായർ, ശ്രീ കുമാർ കാട്ടൂർ, സന്തോഷ് വർഗീസ്, ജയിക്കബ് തോമസ് പ്ലാംതോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.