റാന്നി: പെട്രോളിയം ഉത്പനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരം നടത്തിയ ബി.ജെ.പി ഇന്ന് നിത്യവും വില വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ കുത്തകകള്‍ക്ക് അനുവാദം കൊടുത്തിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സമതിയംഗം അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ റാന്നി പെരുമ്പുഴയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് വില വര്‍ദ്ധനവ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ നിത്യവും വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണിവര്‍. പാചകവാതക വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല സാധാരണക്കാരന് നല്‍കിയിരുന്ന സബ്സിഡി ഇല്ലാതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ടി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, പി.ആര്‍ പ്രസാദ്, ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, ലിസി ദിവാന്‍, അഡ്വ.മനോജ് മാത്യു, തോമസ് മാത്യു, റെജി കൈതവന, സാം പാലയ്ക്കാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.