ഇടുക്കി : കണ്ണീരിന്റെ ദുരിതപര്‍വം താണ്ടിയ പെട്ടിമുടിയിലെ എട്ട് കുടുംബങ്ങള്‍ക്ക് നീറുന്ന ഓര്‍മകള്‍ക്കിടയിലും സന്തോഷത്തിന്റെ നറുവെളിച്ചം പകര്‍ന്ന് പുത്തന്‍ വീടുകള്‍ ഒരുങ്ങുന്നു. പെട്ടിമുടി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടെങ്കിലും ജീവിതം തിരിച്ചുപിടിച്ച എട്ട് കുടുംബങ്ങള്‍ക്ക് മാട്ടുപ്പെട്ടിയിലെ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയ അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ വീടുകള്‍.
ഉറ്റവരുടെ വേര്‍പാടിനൊപ്പം ജീവിതത്തിലെ സര്‍വ സമ്പാദ്യങ്ങളും താമസിച്ച വീടും നഷ്ടമായ ഈ കുടുംബങ്ങള്‍ ഇപ്പോള്‍ കണ്ണന്‍ദേവന്‍ കമ്പിനി നല്കിയ താല്‍ക്കാലിക വീടുകളിലും വാടക വീടുകളിലുമാണു കഴിയുന്നത്. ബന്ധുക്കളെ നഷ്ടപ്പെട്ട് ഒന്നോ രണ്ടോ പേര് മാത്രമായി ചുരുങ്ങിയ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആഗസ്റ്റ് ആറിനായിരുന്നു പെട്ടിമുടിയില്‍ 70 ജീവന് കവര്‍ന്ന ഉരുള്‍പൊട്ടല്‍ ദുരന്തം. സംഭവം നടന്ന് മൂന്ന് മാസത്തിനകം ഇവര്‍ക്ക് സ്ഥലം ലഭ്യമാക്കി.
കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ഇതിനുള്ള നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. കണ്ണന്‍ദേവന്‍ കമ്പിനിയാണ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. ഒരുകോടി രൂപയാണ് ചെലവ്. എട്ട് വീടുകളില്‍ നാലെണ്ണം ഏകദേശം പൂര്‍ത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. ജനുവരി അവസാനം ഇവ കൈമാറാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.