കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കര്‍ശന നടപടി നിര്‍ദേശിച്ച് സംസ്ഥാനം ഉത്തരവിറക്കി. പി.എഫ്.ഐയുടെ 17 ഓഫീസുകൾ ആദ്യം പൂട്ടും. നിരീക്ഷണം ശക്തമാക്കും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നിവടങ്ങളിലെ ഓഫീസാണ് പൂട്ടുന്നത്. പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി അന്വേഷണ ഏജൻസികൾ.
സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലും മുംബൈയിലും ജാഗ്രത തുടരുകയാണ്. സംഘടനാപ്രവർത്തനം അവസാനിപ്പിച്ച് രേഖകൾ കൈമാറാൻ നേതാക്കൾക്ക് നിർദേശം നൽകും. പിഎഫ്ഐക്കെതിരായ നീക്കത്തിന് മുൻപ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ മുസ്‌ലിം സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
അതിനിടെ മിന്നൽ ഹർത്താൽ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർത്താലിന് ആഹ്വാനം നൽകിയ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞതവണ വിലയിരുത്തിയിരുന്നു. ഹർത്താൽ അഹ്വാനം ചെയ്തവർക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയവർക്കെതിരെ ഐപിസിയിലെ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കണമെന്നും ഇക്കാര്യങ്ങൾ അറിയിക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഹർത്താൽ ദിനത്തിലെ അക്രമം മാധ്യമവാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്.