റാന്നി: ഹിന്ദു എന്ന് കേട്ടാൽ ഹാലിളകുന്ന തരത്തിലാണ് സർക്കാരെന്ന് മഹിളാ ഐക്യ വേദി സംസ്ഥാന രക്ഷാധികാരി പി ജി ശശികല. കുടുംബ പ്രബോധനത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ അയ്യപ്പ മഹാ സത്ര വേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പ്രഭാഷണത്തിന് പോകാൻ സത്ര വേദിയിൽ ബസ്സ് നിർത്തി തരണമെന്ന് പറഞ്ഞപ്പോൾ കെ എസ് ആർ ടി സി കണ്ടക്ടർ ധാർഷ്ട്യത്തോടെ പെരുമാറി. സത്രവേദിയിൽ ഇറക്കേണ്ടതിനു പകരം കുത്തുകല്ലുങ്കൽ പടിയിൽ ഇറക്കി കണ്ടക്ടർ നിർവൃതിയടഞ്ഞു. ഇതാണ് സർക്കാരിനും സർക്കാരിലെ ബഹു ഭൂരിപക്ഷം ജീവനക്കാർക്കും ഹിന്ദുക്കളോടുള്ള സമീപനം. പ്രായമായ ഒരു സ്ത്രീയെ സൗകര്യപ്രദമായ ഒരു സ്ഥലത്തു ഒന്ന് ഇറക്കിവിട്ടാൽ സർക്കാരിന്റെ എന്ത് നയത്തിനാണ് വികലത സംഭവിക്കുക എന്നും അവർ ചോദിച്ചു.
ഒരുപാടൊന്നും മക്കൾക്കുവേണ്ടി കരുതിവെക്കേണ്ട കാര്യമില്ല. അവരുടെ വിദ്യാഭ്യാസമാകണം മാതാപിതാക്കളുടെ ലക്ഷ്യം. ഇഷ്ടമുള്ള വഴിയേ ജീവിക്കുമെന്ന സംസ്കാരത്തിൽ ഊറ്റം കൊള്ളുന്ന ഒരു തലമുറ വളർന്നു വരാൻ ഒരു കാരണം സമ്പന്നതയാണ്. സംസ്കാരാധിഷ്ഠിതമല്ലാത്ത സീരിയലുകൾ സമൂഹത്തെ വഴിതെറ്റിക്കുന്നുണ്ട്. പ്രാർഥനാ നിരതമാകേണ്ട സന്ധ്യാ നേരത്ത് അമ്മമാർ കണ്ണീരും കയ്യുമായി ടി വി യിൽ നോക്കിയിരിക്കുന്നു. കൂട്ടുകുടുംബത്തിൽ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരവുമായി പൂമുഖത്ത് ഒരപ്പൂപ്പനുണ്ടായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ കേൾക്കാൻ അകത്തളത്ത് ഒരമ്മയുമുണ്ടായിരുന്നു. ഇന്നതില്ല. വയോധികനായ അപ്പൂപ്പൻ അധികപ്പറ്റായി മാറുന്നത് കൊണ്ടാകാം മനുഷ്യന്റെ ആയുസ്സു പോലും പ്രകൃതി കുറച്ചു കൊണ്ടുവരുന്നതിന് അവർ സൂചിപ്പിച്ചു.സുമതി ദാമോദരൻ, കെ എസ് വിജയലക്ഷ്മി, ദീപ കൈമൾ, സത്രം ജനറൽ കൺവീനർ അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.