ന്യൂഡൽഹി : രാജ്യത്തെ ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. കഴിഞ്ഞ 19 ദിവസമായി പെട്രോൾ-ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനുതൊട്ടുമുമ്പു വരെ റെക്കോർഡ് കുതിപ്പിലായിരുന്ന ഇന്ധനവിലയിൽ ഇപ്പോൾ വർധനവില്ലാത്തത് എന്താണെന്ന ചോദ്യവുമായാണ് ചിദംബരത്തിന്റെ ട്വീറ്റ്.
18 ദിവസംമുമ്പ് ജൂലായ് 19 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു. സഭ ചേരുന്നതിനാലാണോ ഇന്ധന വില കൂട്ടാത്തതെന്നാണ് ചിദംബരത്തിന്റെ ആദ്യ ചോദ്യം. പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ കോളുകൾ ചോർത്തുന്നതിനാൽ എണ്ണക്കമ്പനി മേധാവികൾക്ക് പരസ്പരം സംസാരിക്കാനാവാത്തതാണോ വില മാറ്റമില്ലാതെ തുടരുന്നതെന്നും ചിദംബരം ചോദിച്ചു. ഓഗസ്റ്റ് 15 വരെ ഇവരെല്ലാം ക്വാറന്റീനിലായതിനാലാണോ അതോ ഈ മൂന്ന് വസ്തുതയും ഇന്ധന വില വർധിപ്പിക്കാതിരിക്കാൻ കാരണമാണോയെന്നും ചിദംബരം ട്വിറ്റ് ചെയ്തു.
രാജ്യത്തെ ഇന്ധന വില വർധവിൽ കേന്ദ്രസർക്കാരിനെതിരേ രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. വില വർധനവിൽ പ്രതിഷേധിച്ച് വർഷകാല സമ്മേളനത്തിനായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടിയെത്തി പ്രതിഷേധിച്ചിരുന്നു.