കൊച്ചി : മോൻസൺ മാവുങ്കലിന്റെ വഴിവിട്ട പോലീസ് ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ഇയാൾ ഫോൺ രേഖകൾ ചോർത്തിയെന്നാണ് സംശയം. പരാതിക്കാരുടേയും മുൻ ജീവനക്കാരുടേയും ഫോൺ രേഖകൾ ശേഖരിച്ച് പിന്നീട് അത് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം മോൻസണിന് കേരള പോലീസിലെ ഉന്നതരെ കൂടാതെ നാഗാലൻഡ് പോലീസുമായും ബന്ധമുണ്ട് എന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.
കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് കേരള ഹൈക്കോടതിയിലും വിവിധ ജില്ലാ കോടതികളിലുമായി മുൻകൂർ ജാമ്യ ഹർജികൾ മോൻസൺ സമർപ്പിച്ചിട്ടുണ്ട്. ഒന്ന് ചേർത്തല പോലീസിനേതിരേയും മറ്റൊന്ന് കോഴിക്കോട് മാവൂർ പോലീസിനെതിരേയും ആയിരുന്നു. ഈ രണ്ട് സ്റ്റേഷനുകളിലും തനിക്കേതിരേ എഫ് ഐ ആർ ഉണ്ട് എന്ന രീതിയിലാണ് മുൻകൂർ ജാമ്യ ഹർജികൾ നൽകിയത്.
എന്നാൽ ഇത്തരത്തിൽ എഫ് ഐ ആറുകൾ ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് കോടതി ഹർജികൾ തീർപ്പാക്കുകയായിരുന്നു. തനിക്കെതിരേ പല പോലീസ് സ്റ്റേഷനുകളിലും പരാതികൾ ഉയരുമെന്ന് മനസിലാക്കിക്കൊണ്ടാണ് കോടതികളിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത് പോലീസിലെ ഉന്നതരുമായുള്ള ബന്ധം കൂടുതൽ വ്യക്തമാക്കുന്നു.
സംസ്ഥാന പോലീസിലെ പല ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾക്കുവേണ്ടി പല ഉദ്യോഗസ്ഥരും പല വഴിവിട്ട സഹായങ്ങളും ചെയ്തു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. ഇയാൾക്കെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരാതിക്കാർ ആരൊക്കെയായി ബന്ധപ്പെടുന്നു എന്നത് അറിയാൻ അവരുടെ ഫോൺ രേഖകളടക്കം ശേഖരിച്ചിരുന്നു. ഈ കേസിൽ നേരത്തെ മോൻസൺ മാവുങ്കലിന്റെ ഡ്രൈവറായിരുന്ന ഇടുക്കി സ്വദേശി ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ ശേഖരിക്കുകയും ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ നിലവിലെ കേസിലെ പരാതിക്കാരുടെ ഫോൺ രേഖകളും ശേഖരിച്ചതായാണ് സംശയം ഉയരുന്നത്. ഇത്തരത്തിൽ ശേഖരിച്ച ഫോൺ രേഖകൾ ഉപയോഗിച്ച് പിന്നീട് ഇവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഡൽഹിയിലേക്ക് ഈ പരാതിക്കാരെ മോൻസൺ കൂട്ടിക്കൊണ്ട് പോയിരുന്നു. വിമനത്താവളത്തിൽനിന്നും വിഐപികൾ പുറത്തേക്ക് വരുന്ന വഴിയിലൂടെയാണ് മോൻസൺ അവരെ പുറത്തേക്ക് എത്തിച്ചത്. അതിനുശേഷം നാഗാലൻഡ് പോലീസിന്റെ മൂന്ന് നക്ഷത്രങ്ങൾ ഉള്ള ഔദ്യോഗിക വാഹനത്തിൽ ആഡംബര ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തിരുന്നു.
സംസ്ഥാന പോലീസിലെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഫോൺ രേഖകൾ സംഘടിപ്പിക്കുകയും തനിക്കെതിരേ ആരൊക്കെയാണ് നീങ്ങുന്നതെന്നും മനസിലാക്കി പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്. തനിക്ക് ആരുടേയും ഫോൺ രേഖകൾ ലഭിക്കുന്നതിനുള്ള ഉന്നത സ്വാധീനം ഉണ്ടെന്ന് ഇപ്പോൾ പരാതിനൽകിയിരിക്കുന്നവരോട് പറയുന്നതിന്റെ ഫോൺ രേഖകളും പുറത്തേക്ക് വരുന്നു.