ഉത്തര്‍പ്രദേശ് : മാലിന്യ വണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഥുര ഭരണകൂടം ശുചീകരണ തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തുമാറ്റുകയും തൊഴിലാളിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതും വിഡിയോയില്‍ കാണാം. അതേസമയം മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകള്‍ താനെടുത്ത് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ഇയാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. അതിനിടെ യുവാവിനെ മര്‍ദിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഈ ഫോട്ടോകളെടുത്ത് കഴുകി വൃത്തിയാക്കി. വിഷയത്തില്‍ കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മിഷണര്‍പ്രതികരിച്ചു.