ചൂരക്കോട് : പന്നിശല്യംകാരണം രാവന്തിയോളം മണ്ണിൽ പണിയെടുക്കുന്ന കർഷകന് ഇപ്പോൾ കൂലി കണ്ണുനീർ. വിളവെടുക്കാൻ പാകമായ കൃഷിയെല്ലാം പന്നികൾ നശിപ്പിക്കുന്നതാണ് ഇതിനൊക്കെ കാരണം. കഴിഞ്ഞദിവസം പന്നിവിഴ പുതുവാക്കൽ ഏലയിൽ മുൻ നഗരസഭ ചെയർമാൻ പ്രസാദിന്റെ 25 മൂട് ഏത്തവാഴക്കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.
പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, കടമ്പനാട് പഞ്ചായത്തുകളിലും പന്നിയുടെ ശല്യം കൂടുതലാണെന്ന് കർഷകർ പറയുന്നു. അടൂർ നഗരസഭയിലെ പല പ്രദേശത്തും കൃഷിനാശത്തെ കൂടാതെ മനുഷ്യർക്ക് നേരേയുമുള്ള പന്നിയാക്രമണവും കൂടുതലാണ്. കഴിഞ്ഞദിവസം ചൂരക്കോട് കളത്തട്ടിൽ ഏറത്ത് ഗ്രാമപ്പഞ്ചായത്തംഗം അനിൽ പൂതക്കുഴിയുടെ വീടിനു പിറകിലെ ഗ്രില്ലിനിടയിൽ പന്നി അകപ്പെട്ടിരുന്നു. നല്ല വേഗത്തിൽ ഓടിവന്ന പന്നിയാണ് അകപ്പെട്ടത്. കുറച്ചുസമയം കഴിഞ്ഞ് പന്നി സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടു.