തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. 2016 മെയ് 25-നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17-ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18-ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും.
അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.