തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനില്‍ എത്തിയായിരുന്നു സന്ദര്‍ശനം. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെെകിട്ട് മൂന്നരക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലവും കാലാവസ്ഥ പ്രശ്‌നങ്ങളും കണക്കിലെടുത്ത് വേദി മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നാണ് സൂചന. ടാഗോര്‍ തീയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളെ വേദികളായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഉണ്ടാകുക. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് സിപിഎം മന്ത്രിമാര്‍. പിണറായി വിജയനും കെ രാധാകൃഷ്ണനും ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ് എന്നതാണ് സിപിഎം മന്ത്രിമാരുടെ പ്രത്യേകത. കെ രാധാകൃഷ്ണന്‍ 1996-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം ബി രാജേഷ് സ്പീക്കറാകും.
പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് സിപിഐ മന്ത്രിമാര്‍. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും ഇ ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവുമാകും.
എന്‍ സി പിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍, ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍ കുട്ടി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് റോഷി അഗസ്റ്റിന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജു, ഐഎന്‍എല്ലില്‍ നിന്ന് അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരും മന്ത്രിസഭയിലെത്തും.