തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേല്‍ക്കുന്നത്. ഉച്ചകഴിഞ്ഞു 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് വ്യാപനവും തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണും നിലവിലിരിക്കുമ്പോള്‍ 500 പേരെ പങ്കെടുപ്പിച്ചു സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സര്‍ക്കാര്‍ നടപടി ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കും.
സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഗവര്‍ണര്‍ക്കു പരാതി നല്കി. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനില്‍ ചായസത്കാരവും തുടര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയില്‍ തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും.