കാസര്‍കോട്: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്ബെയിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തില്‍ അത് നടപ്പാക്കില്ല.നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ അത് നടപ്പാക്കില്ലെന്നാണ്. എന്താ മറ്റെവിടെയെങ്കിലും നടപ്പാക്കിയോ’ മുഖ്യമന്ത്രി ചോദിച്ചു.
നാട്ടിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അതല്ലാതെ വര്‍ഗീയമായി ചേരിതിരവുണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് വര്‍ഗീയത വളരാനേ ഇടയാക്കൂവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കാസര്‍കോട് ഉപ്പളയില്‍ എല്‍.ഡി.എഫിന്റെ ‘വികസന മുന്നേറ്റ ജാഥ’ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത ആപത്താണ്. അത് തൂത്തുമാറ്റാനാകണം. രാജ്യത്തെ കടുത്ത വര്‍ഗീയ ശക്തിയാണ് ആര്‍എസ്‌എസ്. അതിനെ നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുളളവര്‍ ന്യൂനപക്ഷ വര്‍ഗീയ നിലപാട് എടുക്കുകയാണ്. ഇത് ആത്മഹത്യാപരമാണ്. ഇത്തരത്തില്‍ വര്‍ഗീയ ശക്തികളെ നേരിടാനാകില്ല. അതിന് ജനങ്ങള്‍ ഇടത് പക്ഷത്തിനൊപ്പം ചേരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ ക്ഷേമം നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വര്‍ഗീയമായി ചേരിതിരിക്കുന്ന ജമാ അത്തെ ഇസ്ളാമിയും എസ്ഡിപിഐയും ആര്‍എസ്‌എസിന്റെ അതേ പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. എല്ലാത്തരം വര്‍ഗീയതയെയും എതിര്‍ക്കുന്നതിനാല്‍ ഇവരെല്ലാം എല്‍ഡിഎഫിനെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെടുക്കുന്ന കാര്യങ്ങള്‍ക്ക് സംഭവാന നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ താല്‍പര്യമാണ്. വര്‍ഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കണം. അത്തരം നിലപാട് സ്വീകരിക്കാത്തതാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ തന്നെ ബിജെപിയില്‍ എത്തിയതെന്നും പിണറായി പറഞ്ഞു. വര്‍ഗീയതയുമായി സമരസമപ്പെട്ട് പോകുന്നു. ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു. ജോസ്.കെ മാണി വന്നത് ഇടത് മുന്നണിയുടെ ഒരു പ്രത്യേക ഘട്ടത്തിലെ വികാസമാണ് കാണിക്കുന്നത്. എല്‍ജെഡിയും വന്നതോടെ മുന്നണി അടിത്തറ ഭദ്രമായതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.