തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്വയം നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം. എവിടെയും ജനക്കൂട്ടം കൂടി നില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാന്‍ കേരള ജനത തയ്യാറായത് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.