തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയന്. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നു താന്‍ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എല്‍ഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എല്‍ഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്.
സത്യപ്രതിജ്ഞ എന്നാണെന്ന് എല്‍ഡിഎഫ് ചേര്‍ന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. പല ഘട്ടങ്ങള്‍ക്കു പകരം മന്ത്രിമാര്‍ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നമുക്കു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.